top of page

തൊഴിലും വിശ്വാസവും

.......................................................


“ഗിറ്റാറിസ്റ്റാകാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷെ ഗിറ്റാർ കൊണ്ട് ജീവിക്കാൻ പറ്റില്ല എന്ന് മനസിലായി. പിന്നെ വീട്ടിൽ എല്ലാവർക്കും ഞാൻ മെഡിസിൻ പഠിക്കുന്നതായിരുന്നു ഇഷ്ടം. അങ്ങനെ പഠിച്ചു, ഈ തൊഴിൽ തിരഞ്ഞെടുത്തു”. യാത്രാ മദ്ധ്യേ പരിചയപ്പെട്ട ഒരു ചെറുപ്പക്കാരൻ വളരെ നിരാശയോടെ പറഞ്ഞതാണ്. അതിനു ശേഷം എത്രയോ തവണ സമാനമായ വാചകങ്ങൾ ഞാൻ കേട്ടിരിക്കുന്നു. സ്വന്തം ജോലിയെ വെറുത്ത്, സർക്കാർ ഓഫീസുകളിൽ ഇരുന്നുറങ്ങുന്ന എത്രയോ പേർ. വെള്ളിയാഴ്ച എത്തുമ്പോൾ ഹൃദയപൂർവം ചിരിക്കുകയും ഞായറാഴ്ച്ച അസ്തമിക്കുമ്പോൾ പഴയ പിരിമുറുക്കം മുഖത്തണിയുകയും ചെയ്യുന്ന എത്രയോ കോർപ്പറേറ്റ് ജീവനക്കാർ. ഇവരെല്ലാവരും തങ്ങളുടെ ജീവിതത്തിൻ്റെ സിംഹ ഭാഗവും, മുപ്പതു നാൽപ്പതു വർഷങ്ങൾ, എല്ലാ ദിവസവും കുറഞ്ഞത് 8 മണിക്കൂർ അവർക്കിഷ്ടമല്ലാത്തതു ചെയ്യാൻ തീരുമാനിച്ചവരാണ്.


ഇന്ദ്രിയങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിലുകൾ


തോവാളയിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന മുപ്പതോളം ചെറുപ്പക്കാർ ഒരുമിച്ചു കൂടുന്ന ഒരു മീറ്റിംഗിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ഇഷ്ടമുള്ളവർ കയ്യുയർത്താൻ ഞാൻ ആവശ്യപ്പെട്ടു. ഒരു കൈ മാത്രം ഉയർന്നു.


കേരളത്തിൽ പ്രധാനപ്പെട്ട രണ്ടേ രണ്ടു തൊഴിലുകൾ മാത്രമേ ഉള്ളു എന്ന് എനിക്ക് തോന്നാറുണ്ട്. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ. അത്യാവശ്യം പഠിക്കുന്ന കുട്ടിയാണെങ്കിൽ സയൻസ് ഗ്രൂപ്പ്, പിന്നെ മെഡിസിൻ. ഇനി അഥവാ ദയനീയമായി പരാജയപ്പെട്ടാലും മെഡിസിന് കിട്ടിയില്ല എന്ന് ആശ്വസിക്കാം. സിവിൽ സെർവീസിനു ശ്രമിക്കുന്നവർ ചുരുക്കമായതു കൊണ്ട് അതീക്കൂട്ടത്തിൽ ഉൾപ്പെടാറില്ല. മെഡിസിനും എഞ്ചിനീറിംഗും നടക്കില്ല എങ്കിൽ, MBA, IT, ടീച്ചിങ് മേഖലകൾ നോക്കുന്നതാണ്. ഉടനടി ജോലി വേണം എന്നാണ് ചിന്തയെങ്കിൽ നഴ്സിംഗ്, ബാങ്ക് ജോലികൾ എന്നിവ നോക്കാൻ തീരുമാനിക്കുന്നു. സാധാരണക്കാരൻ്റെയും സംവരണക്കാരൻ്റെയും കണ്ണുകൾ PSC യിലാണ്. ഇതിനപ്പുറം ആരെങ്കിലും ഏതെങ്കിലും ജോലികളെ കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ വളരെ അപൂർവ്വമായാണ്. തോവാളയിലെ മുപ്പതു പേരിൽ 29 പേരും പല പല മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും അതിനു വളരെ മികച്ച കഴിവുള്ളവരും ആയിരുന്നു. നന്നായി വരയ്ക്കുന്നവർ, എഴുതുന്നവർ, അസാധാരണമായ സംഘാടക ശേഷിയുള്ളവർ, എന്നിങ്ങനെ ഒരു നീണ്ട പട്ടിക. അവരുടെ എഞ്ചിനീയറിംഗ് പഠനം അവർ തിരഞ്ഞെടുത്തത് പ്രധാനമായും നാലു കാരണങ്ങൾ കൊണ്ടാണ്.


1. ജോലിയുടെ അന്തസ്

2. ജോലിയുടെ സ്ഥിരത

3. വീട്ടുകാരുടെ താല്പര്യം

4. സ്വന്തം വഴി ഏതാണെന്നുള്ള ഉറപ്പില്ലായ്മ


മുകളിൽ പറഞ്ഞ 4 ഘടകങ്ങളും നമ്മുടെ ഹൃദയം പറയുന്നവയല്ല, കണ്ണുകൾ കൊണ്ട് നാം കാണുന്നവയോ നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് നാം അനുഭവിക്കുന്നവയോ ആണ്. സാമ്പത്തിക ചുറ്റുവട്ടം, ചുറ്റുപാടുമുള്ളവരുടെ ജോലികൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ, കരിയർ ഗൈഡൻസ് ക്‌ളാസ്സുകൾ എന്നിവയെല്ലാം നമ്മുടെ ഇന്ദ്രിയങ്ങൾക്കനുസരിച്ചു ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മൾ ജീവിക്കുന്നത് അവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. താൽക്കാലികമായ, നിരാശ ജനിപ്പിക്കുന്ന, യാഥാർഥ്യം എന്ന് നമ്മൾ വിശ്വസിക്കുന്ന, കണ്ണുകൾ കൊണ്ട് കാണുന്നവയാണ് ഇവയെല്ലാം. പക്ഷെ നമ്മുടെ ഇന്ദ്രിയങ്ങളെ നമുക്ക് വിശ്വസിക്കാൻ കഴിയുമോ? അഥവാ അവയാണോ നമ്മുടെ ഭാവി തീരുമാനിക്കാൻ നാം ഉപയോഗിക്കേണ്ടത്?


ഒരു കാഴ്ചയും ഒരു കേൾവിയും പൂർണമല്ല


ഒരു മജീഷ്യൻ കൺകെട്ട് വിദ്യ നടത്തുമ്പോൾ നമ്മുടെ ഇന്ദ്രിയങ്ങൾ എത്രമാത്രം നമ്മെ സഹായിക്കുന്നുണ്ട്? ഒരു മരംകൊത്തിപ്പക്ഷി ഒരു നിമിഷത്തിൽ 20 തവണയിലധികം അതിൻ്റെ ചുണ്ടുകൾ ഉപയോഗിക്കുന്നു. ഒരു ചിത്ര ശലഭം ഒരു നിമിഷത്തിൽ 200 മുതൽ 2000 തവണ വരെ ചിറകുകൾ വീശുന്നുണ്ട്. നമ്മുടെ കണ്ണുകൾ അവ കാണാറില്ല. 20 KHz തുടങ്ങി 200 KHz വരെ ഉച്ചത്തിൽ ശബ്ദം (എക്കോ ലൊക്കേഷൻ) ഉണ്ടാക്കുന്ന വവ്വാലുകളുടെ ശബ്ദം മനുഷ്യൻ്റെ ശ്രവണ പരിധിക്കപ്പുറമാണ്; നാം കേൾക്കാറില്ല. നമ്മുടെ കാഴ്ചകളും കേൾവികളും അപൂർണ്ണമാണ്‌. വാസ്തവത്തിൽ ദൈവം നാം ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ജീവിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. നമ്മുടെ ചുറ്റുപാടുകൾ അല്ല നമ്മെ നിയന്ത്രിക്കേണ്ടത്. ഉൾക്കണ്ണിലെ കാഴ്ചകളാണ്. ഹെലൻ കെല്ലർ എന്നൊരു പേരു മതി ഇതിനുദാഹരണമായി.


അസ്തമയ സൂര്യനെ കാണാൻ നിൽക്കുന്ന ഒരു കൊച്ചു കുട്ടിയ്ക്ക്, തൻ്റെ പന്തിനേക്കാൾ വലിപ്പമുള്ള ഒരു ചുവന്ന ഗോളം കടലിൽ മുങ്ങി താഴുന്നത് കാണാം. സൂര്യനെയും നക്ഷത്രങ്ങളെയുമൊക്കെക്കുറിച്ചു പഠിച്ച ഒരു യുവാവിന് കാതങ്ങൾക്കപ്പുറത്തു സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പതിനായിരം മടങ്ങു വലിപ്പമുള്ള ഒരു നക്ഷത്രം നമ്മുടെ കണ്ണുകളിൽ രൂപപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷനാണത്. ഒരു മായക്കാഴ്ച. ശരിയായ അറിവുകൾ കൂടുംതോറും ഉൾക്കാഴ്ച കൂടും. അങ്ങനെ വരുമ്പോൾ കണ്ണുകൾ കൊണ്ട് കാണുന്നതിനപ്പുറം കാണാൻ നമുക്ക് കഴിയും.


വിശ്വാസത്തിൻ്റെ കാഴ്ചകൾ


മാനഭംഗ ശ്രമം എന്ന ചെയ്യാത്ത കുറ്റത്തിന് കാരാഗൃഹത്തിൽ കിടക്കുന്ന ഒരു യുവാവ് കണ്ണ് കൊണ്ട് നോക്കിയാൽ കാണുന്നത് നിരാശ കറുപ്പിച്ച ഇരുട്ടും ഇരുമ്പഴികളുമാണ്. വിശ്വാസത്തിൻ്റെ ഉൾക്കണ്ണുകൾ അവനെ കാണിച്ചത് പ്രകാശ ഗോളങ്ങളായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവനെ നമസ്ക്കരിക്കുന്നതാണ്. ആ കാഴ്ച അവനെ എത്തിച്ചത് ഏറ്റവും വലിയ സാമ്രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിലും. കൗമാരം വിട്ടു മാറാത്ത ഒരു ഇടയച്ചെക്കൻ്റെ അത്ഭുതം തുളുമ്പുന്ന കണ്ണുകൾ അവനെ കാണിക്കേണ്ടിയിരുന്നത് ഒരു പ്രബല സൈന്യത്തെ മുഴുവൻ ഭയപ്പെടുത്തുന്ന ഭീമാകാരനായ ഒരു യോദ്ധാവിനെയാണ്. പക്ഷെ ദാവീദിൻ്റെ ഹൃദയം അവനെ കാണിച്ചത് ആകാശവും ഭൂമിയും നിറഞ്ഞു നിൽക്കുന്ന അവൻ്റെ ദൈവത്തിൻ്റെ വലിപ്പമാണ്. അതിനു മുന്നിൽ ഗോലിയാത്ത് ഒരു പുൽക്കൊടി പോലെ ചെറുതായിരുന്നു.


മനുഷ്യ ചരിത്രത്തിലുടനീളം വിജയിച്ചവരുടെ പട്ടിക എടുത്തു നോക്കിയാൽ അവർ കണ്ണ് കൊണ്ട് കാണുന്നതിനനുസരിച്ചു ജീവിച്ചവരല്ല. അവർ ഹൃദയത്തിൽ മറ്റൊന്ന് കാണുകയും അത് യാഥാർഥ്യമാക്കുകയും ചെയ്തവരാണ്. ദൈവം നമ്മോടു ആവശ്യപ്പെടുന്നത് ഉൾക്കാഴ്ച്ച കൊണ്ട്, വിശ്വാസം കൊണ്ട് ജീവിക്കാനാണ്. വിശ്വാസം എന്ന വാക്കിനെ, പള്ളിയിൽ വന്നു ആരാധന കൂടുന്ന ഒരു ചടങ്ങായി മാറ്റുന്നതോടെ പ്രപഞ്ചം ജയിക്കാനുള്ള ശേഷിയെ നമ്മൾ നഷ്ടപ്പെടുത്തുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്. ജീവിതത്തിൻ്റെ സമസ്ത മേഖലയിലും ആവശ്യമുള്ള ദൈവരാജ്യത്തിൻ്റെ അടിസ്ഥാന ശിലയാണ് വിശ്വാസം.


നമുക്ക് കാണാതെ അറിയാവുന്നതും എന്നാൽ അർത്ഥം വേണ്ടവിധം മനസിലാകാത്തതുമായ ഒന്നാണ് വിശ്വാസത്തിൻ്റെ നിർവ്വചനം. ‘ആശിക്കുന്നതിൻ്റെ ഉറപ്പ്, കാണാത്ത കാര്യങ്ങളുടെ നിശ്ചയം എന്നിവയെ ലളിതമായി പറഞ്ഞാൽ, ‘ഭാവിയിൽ ഇപ്പോഴേ ജീവിക്കുക’ എന്ന പൊരുൾ കിട്ടും.


ഭാവിയിൽ ഇപ്പോഴേ ജീവിക്കുക


ഓരോ മനുഷ്യനെയും ദൈവം വ്യക്തമായ ഒരു ഉദ്ദേശ്യത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ ഉദ്ദേശ്യം നിറവേറ്റാനുള്ള ഒരു പ്രത്യേകമായ കഴിവും അതിനോടുള്ള അദമ്യമായ ആഗ്രഹവും ആ മനുഷ്യൻ്റെ ഉള്ളിൽ ഉണ്ടാവും. കഥകൾ എഴുതാൻ സ്വാഭാവിക താല്പര്യവും കഴിവും ഉള്ള ഒരു വിദ്യാർത്ഥി, ആ മോഹം ഉപേക്ഷിക്കുന്നത് അത് ഒരു തൊഴിൽ അല്ല എന്നും അതിൽ നിന്നും ഉപജീവനം ഉണ്ടാകില്ല എന്നുമുള്ള ചിന്തയിലാണ്. ദൈവം ആഗ്രഹിക്കുന്നത് ഒരു ജോലിയല്ല എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം ഉണ്ടാകേണ്ടത്. അവിടുത്തെ ആഗ്രഹം നമ്മുടെ ഉദ്ദേശ്യം അഥവാ ജീവിത ലക്‌ഷ്യം പൂർത്തിയാക്കുക എന്നതാണ്. അതിനു ദൈവം നൽകിയ കഴിവ് പൂർണ്ണമായും ഏറ്റവും മെച്ചമായും ഉപയോഗിക്കുക.


ഇനി വരുമാനമാണ് തടസ്സമെങ്കിൽ ജെയിംസ് പാറ്റേഴ്സൺ എന്ന എഴുത്തുകാരന്റെ പത്തു വർഷത്തെ വരുമാനം ഏകദേശം നാലായിരത്തി തൊള്ളായിരം കോടി രൂപയാണെന്നു കൂടി അറിയുക. ‘മുൻപേ അവൻ്റെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടു കൂടി ഇത് സകലവും നിങ്ങൾക്ക് ലഭിക്കും’. ഓരോ മനുഷ്യന്റെയും ഉള്ളിൽ ദൈവം വച്ചിരിക്കുന്ന ജീവിത ലക്‌ഷ്യം പൂർത്തീകരിക്കുന്നത് ദൈവ രാജ്യത്തെ തേടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട പടിയാണ്. എഴുതാനുള്ള കഴിവാണ് ദൈവം നിങ്ങൾക്കു തന്നതെങ്കിൽ ഭാവിയിൽ നിങ്ങൾക്കു എത്തിച്ചേരാൻ കഴിയുന്ന എഴുത്തിൻ്റെ ഉന്നതി നിങ്ങൾ ഇപ്പോഴേ മനസ്സിൽ കാണുക. എത്ര വ്യക്തമായി നിങ്ങൾക്ക് അത് കാണാൻ കഴിയുന്നുവോ, അത്രയും അത് സംഭവിക്കാനുള്ള സാധ്യതയും വർദ്ധിക്കും. “Clarity brings Mastery”. അത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞാൽ ഇപ്പോഴേ അതിൽ ജീവിക്കാൻ തുടങ്ങുക. ദൈവരാജ്യത്തിനു അഭിമാനമാകുന്ന ഒരു എഴുത്തുകാരനാകുകയാണ് നിങ്ങളുടെ ഉദ്യമമെങ്കിൽ അതിനു യോജിച്ച ഭാഷ നിങ്ങൾക്ക് വേണം, അറിവുണ്ടാകണം, ജീവിത നിലവാരമുണ്ടാകണം, ഉൾക്കാഴ്ചകൾ ഉണ്ടാവണം. അതിനു കഠിനാധ്വാനം, അച്ചടക്കം, ആഴമുള്ള വായന, ക്രമീകൃതമായ എഴുത്തു എന്നിങ്ങനെ ഗുണങ്ങൾ ഉണ്ടാകണം. അവയിൽ ഇപ്പോഴേ ജീവിച്ചു തുടങ്ങു. അതിനെ നമ്മൾ വിശ്വാസം എന്ന് വിളിക്കും.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ1. നമ്മുടെ യഥാർത്ഥ കഴിവെന്താണ് എന്ന് നാം കൃത്യമായി തിരിച്ചറിയണം. പാട്ടു പാടാൻ എല്ലാവർക്കും ഇഷ്ടമാണ്; പക്ഷെ രാഗവും, താളവും, ശ്രുതിയും, ലയവുമൊക്കെ ചേർത്ത് ഹൃദ്യമായി പാടാൻ നമുക്ക് കഴിവുണ്ട് എന്നും നല്ല പരിശീലനം ഉണ്ടെങ്കിൽ അത് പ്രഗത്ഭമാകും എന്നും ഉറപ്പു വരുത്തണം.

2. നമ്മുടെ ഭാവി എന്തായിരിക്കണമെന്നു കാണാനും അതിൽ ആവേശം കൊള്ളാനും കഴിയണം. അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം നമ്മൾ എവിടെയായിരിക്കും എന്നും അത് എന്ത് മാത്രം മനോഹരമായിരിക്കും എന്നും ചിന്തിക്കാനും, അന്നുണ്ടാകാൻ സാധ്യതയുള്ള വികാരങ്ങൾ ഇപ്പോഴേ അനുഭവിക്കാനും കഴിയണം.

3. നമ്മിലുള്ള കഴിവ്, നമുക്കല്ല, ദൈവാരാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രയോജനപ്പെടുന്നത് എന്ന് ഉറപ്പു വരുത്തണം. സ്വാർത്ഥ ലാഭത്തിനും സമ്പത്തിനും വില കുറഞ്ഞ പ്രശസ്തിയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന കഴിവും, വിശ്വാസവും ദൈവത്തിൽ നിന്നല്ല. ദൈവം സൃഷ്ടിച്ച ഒരു വൃക്ഷവും സ്വയം അതിൻ്റെ ഫലം തിന്നാറില്ല.

4. ലക്ഷ്യത്തിനു വേണ്ടി അച്ചടക്കത്തോടെയും ശ്രദ്ധയോടെയും സ്ഥിരതയോടെയും പ്രവർത്തിക്കാൻ കഴിയണം.


ചില ചോദ്യങ്ങൾ


എനിക്കിപ്പോൾ വരുമാനം ആവശ്യമുള്ള തൊഴിൽ കൂടിയേ തീരൂ എന്ന് ചിന്തിക്കുന്നവർ ഉണ്ട് എന്ന് ഞാൻ ഊഹിക്കുന്നു. സാഹചര്യങ്ങൾ വരിഞ്ഞു മുറുക്കുന്ന അത്തരക്കാർ ഉണ്ട്. നിങ്ങൾ ആ തൊഴിൽ ചെയ്യൂ. പക്ഷെ നിങ്ങളുടെ ഉള്ളിലെ അഗ്നി കെടാതിരിക്കട്ടെ. നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ യഥാർത്ഥ ഭാവിക്കു വേണ്ടി പദ്ധതികൾ രൂപപ്പെടുത്തട്ടെ. നിങ്ങളുടെ കഴിവുകൾ ഓരോ ദിവസവും തേച്ചു മിനുക്കപ്പെടട്ടെ. നിങ്ങളുടെ സമയം, ഊർജ്ജം, സമ്പാദ്യം എന്നിവയുടെ ഒരു ഭാഗം ഇപ്പോഴേ മാറ്റി വയ്ക്കാൻ തുടങ്ങാം. അധികം താമസിക്കാതെ നിങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്കു നിങ്ങൾക്ക് പോകാൻ കഴിയും.


ഇനി ലക്ഷ്യത്തിലെത്തിയില്ലെങ്കിലോ? വിശ്വാസവും പ്രവൃത്തിയും കൃത്യമാണെങ്കിൽ ലക്ഷ്യത്തിലെത്തും എന്ന് ദൈവം ഉറപ്പു നൽകുന്നു. ഇനി എന്തെങ്കിലും കാരണത്താൽ എത്തിയില്ലെങ്കിൽ പോലും ഈ യാത്രയേക്കാൾ മികച്ച മറ്റൊരു യാത്ര നിങ്ങൾക്ക് കണ്ടെത്താനാകുമോ?

Comments


bottom of page