top of page

An Extra Mile ...........

'അമ്മ എന്നെ എപ്പൊഴും വഴക്കു പറയും', കണ്ണൊക്കെ നിറഞ്ഞു, കവിളൊക്കെ ചുവന്നു ഒരു പന്ത്രണ്ടുകാരി കുരുന്നു പരാതി പറഞ്ഞു. 'പഠിക്കാനൊരിത്തിരി (ചുണ്ടു കൂർപ്പിച്ചു) താമസിച്ചാ, മുറ്റമടിച്ചിട്ടു ചൂല് കൊണ്ട് വച്ചില്ലേൽ, പാത്രം കഴുകിയതു ശരിയായില്ലേൽ ഒക്കെ വഴക്കു പറയും". ആ സുന്ദരിക്കുട്ടിയോടു ഞാൻ പറഞ്ഞു, 'അടുത്ത തവണ 'അമ്മ വഴക്കു പറയുമ്പോൾ, ഓടിച്ചെന്നു അമ്മയ്ക്കൊരുമ്മ കൊടുക്കണം. എന്നിട്ടു അമ്മയെന്താണൊ പറഞ്ഞത് അത് ചെയ്യണം. എന്നിട്ടു ചോദിക്കണം 'ശരിയായോ അമ്മേ?" അങ്ങനെ ഞാനും മഞ്ജുവും ഒരു ആഴ്ചത്തേക്ക് ഒരു കരാർ ഒപ്പിട്ടു. അടുത്ത ശനിയാഴ്ച മഞ്ജു എന്നെ കാത്തു ഓഫീസിന്റെ മുന്നിൽ നിന്നിരുന്നു. ഇത്തവണയും കവിൾ ചുവന്നു, പക്ഷെ കണ്ണ് നിറഞ്ഞില്ല. ഒരിത്തിരി നാണത്തോടെ മഞ്ജു പറഞ്ഞു, ഇപ്പൊ ഞാൻ ചൂലെടുക്കുമ്പോൾ 'അമ്മ പറയും മോളൊന്നും ചെയ്യണ്ട, 'അമ്മ ചെയ്തോളാം. പക്ഷെ എനിക്ക് അമ്മയെ സഹായിക്കാൻ ഇഷ്ടാ". ഇത് ക്രിസ്തു പഠിപ്പിച്ച തത്വമാണ്. ലോകത്തിന്റെ എല്ലാ കോണിലും ലീഡേഴ്‌സും കോർപറേറ്റുകളും കൃഷിക്കാരും ഉൾപ്പെടെ വിജയിക്കുന്ന എല്ലാ മനുഷ്യനും അനുവർത്തിക്കുന്ന ഒരു തിയറി. ഒരു മൈൽ ചെല്ലാൻ ആവശ്യപ്പെട്ടാൽ രണ്ടു മൈൽ പോകുക. ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത രണ്ടാം മൈൽ യാത്ര ചെയ്യുന്നവനാണ് കൂടുതൽ പ്രയോജനം എന്നതാണ്. നടത്തയുടെ രണ്ടു ചിത്രങ്ങൾ ...................... ഭരണകൂട തലസ്ഥാനമായ റോമിലേക്ക് ധാരാളം റോഡുകൾ എല്ലാ പ്രവിശ്യകളിൽ നിന്നും റോമൻ സാമ്രാജ്യം നിർമിച്ചിരുന്നു. അതാതു പ്രവിശ്യകളിൽ നിയോഗിക്കപ്പെട്ടിരുന്ന പടയാളികൾ ഭാരമുള്ള വസ്തുക്കളും ചുമന്നു ഈ വഴികളിലൂടെ സ്ഥിരമായി യാത്ര ചെയ്യേണ്ടിയിരുന്നു. അവർക്കു റോമൻ ഗവണ്മെന്റ് കൊടുത്ത ഒരു വിശേഷ അധികാരമായിരുന്നു, റോമൻ അധികാരത്തിനു താഴെയുള്ള ഒരാളോട് ഭാരവും ചുമന്നു ഒരു മൈൽ ഒപ്പം നടക്കാൻ ആവശ്യപ്പെടാം എന്നത്. റോമൻ ജനതയുടെ ഭരണത്തിന് കീഴിലായിരുന്നു യഹൂദ ജനത, അന്ന്. ദൈവത്തിന്റെ മക്കൾ എന്ന് വിശ്വസിച്ചിരുന്ന, ഒരിക്കലും ആർക്കും അടിമകളല്ല എന്ന് കരുതിയിരുന്ന യഹൂദർ ഏറ്റവും വെറുപ്പോടെയാണ് ഓരോ തവണയും ഒരു പടയാളിക്കു വേണ്ടി ഇത് ചെയ്തത്. അവരോടു കർത്താവു പറയുന്നു, 'ഒരു മൈൽ നടക്കാൻ ആവശ്യപ്പെട്ടാൽ രണ്ടു മൈൽ നടക്കുക!'. ഒരു പടയാളി ഒരു മൈൽ നടക്കാൻ ഒരു യഹൂദനോട് ആവശ്യപ്പെടുമ്പോഴുള്ള പ്രതികരണത്തിന്റെ രണ്ടു ചിത്രങ്ങൾ നിങ്ങൾ മനസ്സിൽ കണ്ടു നോക്കൂ. ഒന്നാമത്തെ ചിത്രം, വെറുപ്പോടെ പടയാളി നിർദേശിക്കുന്ന ഭാരവും ചുമന്നു നടക്കുന്ന യഹൂദന്റെതാണ്. അവനു ഒരു മൈൽ ആയിരം മൈൽ ദൈർഘ്യമായി അനുഭവപ്പെടും. നടത്തയിലുടനീളം കനത്ത നിശബ്ദത. നിശബ്ദത ഭേദിക്കുന്നതു പടയാളിയുടെ ശകാരങ്ങളോ യഹൂദന്റെ ശപിക്കലുകളോ ആയിരിക്കും. രണ്ടു വ്യക്തികൾ തമ്മിൽ മാത്രമല്ല, രണ്ടു സമൂഹങ്ങൾ തമ്മിലും അന്തരം കൂടിക്കൊണ്ടിരിക്കും. രണ്ടാം ചിത്രത്തിൽ, വെറുപ്പ് പ്രതീക്ഷിച്ചു യഹൂദന്റെ മുഖത്തേക്ക് നോക്കുന്ന പടയാളി കാണുന്നത് പുഞ്ചിരിയാണ്. ഉത്സാഹത്തോടെ ചുമട് എടുത്തു നടക്കുന്ന, ഇടയ്ക്കിടക്ക് കുശലാന്വേഷണങ്ങൾ നടത്തുന്ന യഹൂദൻ. അതിനൊക്കെ അത്ഭുതത്തോടെയും മടിയോടെയും മറുപടി പറയുന്ന പടയാളി. ഒരു മൈൽ പൂർത്തിയാകുമ്പോൾ ചുമട് നിലത്തേക്കെറിയുന്ന യഹൂദനെ പ്രതീക്ഷിക്കുന്ന പടയാളി കാണുന്നത്, 'താങ്കൾക്ക് ഒരുപാടു ദൂരം പോകാനുള്ളതല്ലേ, ഞാൻ ഒരു മൈൽ കൂടി ഒപ്പം വരാം എന്ന് പറയുന്ന യഹൂദനെയാണ്". ഒന്നാമത്തെ മൈൽ യാത്രയിൽ യജമാനൻ പടയാളിയാണെങ്കിൽ രണ്ടാം മൈലിൽ അത് യഹൂദനാണ്. അതൊരു അടയാളപ്പെടുത്തലാണ്. നാളെ ഈ പടയാളി കാണുന്ന എല്ലാ യഹൂദന്മാരുടെ മുഖത്തും ചിരിക്കുന്ന, കരുണയുള്ള, രണ്ടാം മൈൽ സഞ്ചരിക്കുന്ന ഒരു യഹൂദനെ കാണാം. ലോകത്തിന്റെ ഗതി മാറ്റിമറിച്ച ഗിരിപ്രഭാഷണത്തിലാണ് ക്രിസ്തു ഒരു മൈൽ കൂടി എന്ന ആശയം അനുഗാമികൾക്കു മുന്നിൽ വയ്ക്കുന്നത്. ദൈവരാജ്യത്തിൽ ഒരു പൗരന്റെ 'മനോഭാവം' attitude എന്താവണം എന്ന് ക്രിസ്തു പറയുന്ന ഭാഗം. രണ്ടാം മൈൽ എന്നത് 'നടത്ത' എന്ന ഒരു പ്രവൃത്തിയല്ല, ഒരു മനോഭാവമാണ്. വാസ്തവത്തിൽ കൊടിയ പീഡനം നടക്കുന്ന റോമിൽ ദിവസംപ്രതി വർധിക്കുന്ന ക്രിസ്തു ശിഷ്യന്മാർ ഉണ്ടായതു ഈ പുഞ്ചിരിക്കുന്ന, ഒരു പടി കൂടുതൽ ചെയ്യാൻ തയാറാകുന്ന ഒരു പിടി ആളുകളുടെ മനോഭാവത്തിൽ നിന്ന് കൂടിയാണ്. ഇക്കാലത്തു ഇതൊരു വിഡ്ഢിത്തമല്ലേ? 'നടക്കു'ന്നത് നമ്മളല്ലേ? ................................................................................................ നിങ്ങൾ ഒരു കോർപ്പറേറ്റ് കമ്പനിയുടെ CEO ആണെന്ന് വിചാരിക്കുക. നിങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിയായി ഒരു പ്രൊമോഷൻ തസ്തിക ഒഴിവുണ്ട് എന്നും വിചാരിക്കുക. ആരെയാവും നിങ്ങൾ നിയോഗിക്കുക? സ്ഥിരമായി ലേറ്റ് ആയി വന്നു, കാപ്പി കുടിക്കാനും ഗോസിപ്പ് പറയാനും ലഞ്ച് കഴിക്കാനും ഒരുപാടു സമയം ചെലവാക്കുന്ന, 4 .45 ആകുമ്പോൾ ബാഗ് പാക്ക് ചെയ്യുന്ന, എന്നാൽ ശമ്പളം ഒരു ദിവസം താമസിച്ചാൽ കൊടി പിടിക്കുന്ന 'സ്വന്തം കാര്യം നോക്കാൻ അറിയാവുന്ന' ഒരാളിനെയോ? അതോ കമ്പനിയുടെ കഴിഞ്ഞ മൂന്നു മാസത്തെ പ്രോഗ്രസ്സ് വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് തയാറാക്കാൻ പറഞ്ഞപ്പോൾ, ആ റിപ്പോർട്ടും, എക്സ്ട്രാ ടൈം വർക്ക് ചെയ്തു വരുന്ന മൂന്നു മാസത്തേക്കുള്ള ഒരു പ്രവർത്തന പദ്ധതിയും തയാറാക്കുന്ന ഒരാളിനെയോ? 1. മറ്റൊരാളുടെ പ്രശ്നം പരിഹരിക്കുന്നതാണ് നമ്മുടെ വിജയത്തിന്റെ ഒന്നാം മൈൽ. .............................................................. ഒരു ചിത്രശലഭം ഒരു പൂവിലെ തേൻ കുടിച്ചു അടുത്ത പൂവിലേക്കു പോകുമ്പോൾ അത് സ്വന്തം കാര്യമാണ്. പക്ഷെ ഒരു ചെറിയ കാലത്തേയ്ക്ക് ജീവിക്കുക എന്നതിനേക്കാൾ വലിയൊരു ദൗത്യം, ഒരു പൂവിലെ പൂമ്പൊടി മറ്റൊരു പൂവിലേക്കു നൽകി 'പരാഗണം' എന്ന പ്രക്രിയ നടത്തുന്നതിലൂടെ ചിത്രശലഭം നിർവഹിക്കുന്നു. മനുഷ്യന്റെ കാര്യത്തിൽ, സ്വന്തം ദൗത്യം അറിഞ്ഞുകൊണ്ട് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട് എന്നൊരു മേന്മയുണ്ട്. ലോകത്തിലെ ഏതു ജോലിയും മറ്റൊരാളിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമമാണ്. നമ്മുടെ കയ്യിലുള്ള അരി, സ്വന്തമായി നെൽക്കൃഷിയുള്ളവന് വിൽക്കാനോ, ഓക്സ്ഫോർഡിലെ ഗണിതശാസ്ത്ര പ്രൊഫെസ്സറിനെ എഞ്ചുവടി പട്ടിക പഠിപ്പിച്ചു ടൂഷൻ ഫീസ് വാങ്ങാനോ നമുക്ക് കഴിയണം എന്നില്ല. എന്നാൽ പ്രൊഫെസ്സറിനു അരി വിൽക്കാനും കൃഷിക്കാരന്റെ മകന് ടൂഷൻ എടുക്കാനും കഴിഞ്ഞേക്കും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുത്താൽ മാത്രമേ നമ്മുടെ ആവശ്യങ്ങൾ നടക്കൂ എന്നതാണ് തത്വം. മറ്റുള്ളവർക്ക് ആവശ്യമില്ലാത്ത പ്രോഡക്റ്റ് ഉണ്ടാക്കുന്ന ഒരു കമ്പനിയ്ക്കും ഒരു കൃഷിയ്ക്കും ഒരു സേവനത്തിനും ആയുസുണ്ടാകില്ല. പണ്ടുണ്ടായിരുന്ന വീഡിയോ ടേപ്പ് ഷോപ്പുകളും ഇന്റർനെറ്റ് കഫേകളും മാഞ്ഞുപോകുന്നത് പോലെ അവയും ഇല്ലാതെയാകും. നമ്മുടെ വരുമാനം, നമുക്ക് ലഭിക്കുന്ന ബഹുമാനം, ഇവയെല്ലാം നമുക്ക് എത്ര മൂല്യമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ മൂല്യം, മറ്റൊരാളുടെ പ്രശ്നം പരിഹരിക്കാനുള്ള നമ്മുടെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. മറ്റൊരാളുടെ പ്രശ്നം പരിഹരിക്കുക എന്നത് ഒന്നുകിൽ, ഒരു യഹൂദൻ ചെയ്യുന്നത് പോലെ വെറുപ്പോടെ, തിളച്ചുപൊന്തുന്ന ദേഷ്യത്തോടെ, ശപിച്ചു കൊണ്ട് ചെയ്യാം. അല്ലെങ്കിൽ... 2. Extra effort അഥവാ Excellence, മികവ് എന്നതാണ് വിജയത്തിന്റെ രണ്ടാം മൈൽ. ................................................................................................................ അല്ലെങ്കിൽ ഒരു പുഞ്ചിരിയോടെ ഒരു എക്സ്ട്രാ മൈൽ പോകാൻ തീരുമാനിക്കാം. മറ്റൊരാളുടെ പ്രശ്നം പരിഹരിക്കുക എന്നത് അടിസ്ഥാനം മാത്രമാണ്. എടുത്തു പറയത്തക്ക വിജയം ഉണ്ടാകണമെങ്കിൽ അത് പാഷനോട് കൂടി excellent ആയി ചെയ്യുക കൂടി വേണം. ലോകം ഡിമാൻഡ് ചെയ്യുന്നതിനേക്കാൾ ഒരു പടി കൂടുതൽ. അത് ഒരു നേരത്തെ പ്രവൃത്തിയോ ഒരു ദിവസത്തെ പ്രവൃത്തിയോ അല്ല. Excellence എന്നത് 'എന്റെ പരമാവധി'യാണ്. എന്റെ പുഞ്ചിരിയിലും വൃത്തിയിലും സഹപ്രവർത്തകരോടുള്ള പെരുമാറ്റത്തിലും ജോലിയിലും പ്രാർത്ഥനയിലും എല്ലായിടത്തുമുള്ള എന്റെ അടിസ്ഥാന മനോഭാവം. എനിക്കറിയില്ല എന്നത് ഓപ്ഷൻ അല്ല. ഞാൻ പഠിക്കണം എന്നതാണ് തത്വം. 'Extra-ordinary results need Extra-ordinary works ' എന്ന മാനേജ്‌മന്റ് principle. ലോകത്തു ആരെങ്കിലും അവർ ചെയ്യുന്ന കാര്യങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അത് ഈ മനോഭാവം ഉള്ളവർ മാത്രമാണ്. ലോകത്തെമ്പാടുമുള്ള ക്രൈസ്തവ ദീനകാരുണ്യ പ്രവർത്തനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബിസിനെസ്സുകളുടെയും അടിത്തറ വാസ്തവത്തിൽ ഈ മനോഭാവമായിരുന്നു. തൂമ്പയിൽ ചാരി നിന്ന് ഉറങ്ങുന്ന കൃഷി പണിക്കാർ കുറവല്ല. നേരത്തെ പണിക്കിറങ്ങി, താമസിച്ചു പണി കഴിഞ്ഞു കയറുന്ന, ബീഡി വലിക്കാനും ചായ കുടിക്കാനും മണിക്കൂറുകൾ കളയാത്ത, പണിയറിയാവുന്ന ഒരു കൂലിപ്പണിക്കാരനും തൊഴിലില്ലാതെ വീട്ടിലിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ കമ്പനിയിൽ ഉയർന്ന പോസ്റ്റിൽ മികച്ച ഒരു ലീഡർ ഉണ്ടെങ്കിൽ, നിങ്ങൾ പോകുമ്പോഴും അദ്ദേഹം ഓഫീസിൽ ഉണ്ടാകും. അതൊരു മനോഭാവമാണ്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഒരു ശരാശരി മനുഷ്യൻ ഒരു ദിവസം മൂന്നു മുതൽ ആറു മണിക്കൂർ വരെ TV , സോഷ്യൽ മീഡിയ എന്നിവയിൽ ചെലവഴിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസുകാർ ഒരു ദിവസം എട്ടു മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുകയും വർഷത്തിൽ ഏറ്റവും കുറഞ്ഞത് 60 പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നു എന്നാണ് കണക്ക്. ഒരു മൈൽ കൂടി പോകാൻ കഴിയാതെ പോയത് കൊണ്ടാണ് നമ്മൾ ഏറെ സ്നേഹിച്ചിരുന്ന NOKIA അപ്രത്യക്ഷമായത്. ഒരു മുഴം മുന്നേ സഞ്ചരിക്കുന്നത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ബിസിനെസ്സുകളിൽ ഒന്നാകാൻ ആപ്പിൾ കമ്പനിക്ക് കഴിയുന്നത്. മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ തനിയെ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് നമ്മുടെ വിജയവും എല്ലാ നേട്ടങ്ങളും. സ്വന്തം കാര്യം നോക്കാൻ ഓടുന്നവർ രണ്ടും നഷ്ടപ്പെടുത്തുന്നു എന്നതാണ് വാസ്തവം. രണ്ടാമത്തെ മൈൽ തിരക്കില്ലാത്തതാണ് ................................................................................................ ഒരു സാധാരണ സൂപ്പർമാർക്കറ്റ് കേരളത്തിന്റെ ഏതു കോണിലും കാണാം. ഓൺലൈൻ ഷോപ്പുകളും ധാരാളമുണ്ട്. പക്ഷെ ആമസോൺ പോലെ ഒരു കമ്പനി കണ്ടെത്തുക എളുപ്പമല്ല. സേഫ്റ്റി പിൻ പോലും നമ്മുടെ വീട്ടിൽ കൊണ്ടെത്തിക്കുന്നത് കൊണ്ടാണ് ലോകത്തിലെ മിക്ക രാജ്യങ്ങളെക്കാളും കൂടുതൽ വാർഷിക വരുമാനം ആമസോണിനുള്ളത്. നമ്മൾ നിൽക്കുന്നിടത്തു കോമ്പറ്റിഷൻ വളരെ കഠിനമാണ്. ഒന്നാം മൈൽ യാത്ര ചെയ്യുമ്പോൾ റോഡിലെ തിരക്ക് കുറയുന്നു. രണ്ടാം മൈൽ പോകുന്നതോടെ നിരത്തു ഏതാണ്ട് ഒഴിഞ്ഞു കാണുന്നു. അത് കൊണ്ടാണ് നേതാക്കന്മാരുടെ എണ്ണം കുറവും അനുഗാമികളുടെ എണ്ണം കൂടുതലും ആയിരിക്കുന്നത്. എക്സ്ട്രാ മൈൽ നടക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ക്രിസ്തു തന്നെയാണ്. ചരിത്രം പരിശോധിക്കൂ, നിങ്ങൾ ഒരു ക്രിസ്തുവിനെ മാത്രമേ കാണുകയുള്ളു. അവിടുത്തെ വഴി ഒഴിഞ്ഞു വിശാലമായി കിടക്കുകയാണ്. പിന്നാലെ പോകാൻ നമുക്ക് കഴിയട്ടെ. 'സ്വന്തം കാര്യം നോക്കൂ എന്നല്ല, മറ്റുള്ളവരുടെ കാര്യം നോക്കൂ' എന്നാകട്ടെ ഈ വരുന്ന ക്രിസ്തുമസ് കാലത്തെ നമ്മുടെ മന്ത്രം. സ്നേഹപൂർവ്വം, എഡ്‌വിൻ ലിവിംഗ്സ്റ്റൺ


Displaying IMG_4796.JPG.

Comments


bottom of page